
ബ്രിട്ടനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ വധഭീഷണി. യുകെയിലെ ബ്രാഡ്ഫോർഡിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമെന്ന് ഒരു സ്ത്രീ പ്രസംഗിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ബ്രിട്ടനോട് ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയിരികകുകയാണ് പാകിസ്ഥാൻ. വിഷയത്തിൽ വിശദീകരണം തേടുന്നതിനായി ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ മാറ്റ് കാനലിനെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണച്ച് സംഘടിപ്പിച്ച റാലിക്കിടെയാണ് വിവാദ പരാമർശം ഉണ്ടായത്. റാലിയിൽ പങ്കെടുത്ത ഒരു സ്ത്രീ അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമെന്ന് പ്രസംഗിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത്.
രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന്റെ പരിധി ഈ പരാമർശം ലംഘിക്കുന്നുവെന്നും, അത് വ്യക്തമായ സുരക്ഷാ ഭീഷണിയായി കാണേണ്ടതുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും ബ്രിട്ടനോട് ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ യുകെ ഘടകമാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ വിവാദം ശക്തമായതോടെ വിഡിയോ പിന്നീട് പിൻവലിച്ചു. സംഭവത്തോട് പ്രതികരിച്ച പാകിസ്ഥാന്റെ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി, ഇത്തരം പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന് പറഞ്ഞു. കാർ ബോംബ് ആക്രമണത്തെക്കുറിച്ചുള്ള പരാമർശം എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചുവെന്നും, സൈന്യത്തിനെതിരെ ശത്രുത വളർത്താൻ പിടിഐ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.











